ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

സാമൂഹിക സാംസ്ക്കാരിക ചരിത്രം


മൂന്നുഭാഗവും കായല്‍, റോഡുകളില്ല. ഓലമേഞ്ഞ കയ്യാലകള്‍ കൊണ്ട് വേര്‍തിരിച്ച പുരയിടങ്ങള്‍, ധാരാളം ഇടവഴികള്‍, അങ്ങിങ്ങായി കയര്‍ പിരിയന്ത്രങ്ങള്‍ സ്വന്തമായുളള ‘പെരും കുടികള്‍’, കിട്ടുന്നത് കൂലിയായി സ്വീകരിച്ച് അര്‍ദ്ധ പട്ടിണിയില്‍ കഴിയുന്ന ബഹുഭൂരിപക്ഷം, ഇതായിരുന്നു ഒരു കാലത്തെ വക്കം ഗ്രാമത്തിന്റെ ചിത്രം. ജനസംഖ്യ കുറവ് ഉളളതില്‍ ഭൂരിഭാഗവും പിന്നോക്ക വിഭാഗക്കാര്‍. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സാധാരണ ജനങ്ങള്‍ക്കിടയില്‍ കൊടികുത്തിവാഴുന്ന കാലം. ഈ നൂറ്റാണ്ടിന്റെ ആരംഭകാലത്ത് ശ്രീനാരായണ ഗുരുവിന്റെ ചൈതന്യം വിതറിയ പ്രഭാപൂരം പുതിയൊരു സാമൂഹ്യസ്യഷ്ടിക്ക് ബീജാവാപം നടത്തി. ഗുരുദേവന്റെ പാദസ്പര്‍ശം കൊണ്ട് പാവനമായി തീര്‍ന്ന ഈ ഗ്രാമം നിരവധി മഹാന്മാര്‍ക്ക് ജന്മം നല്‍കി, ഊഷ്മളമായ ചരിത്ര സത്യങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുവാന്‍ ഈ ഗ്രാമത്തിന് കരുത്ത് കൈവന്നത് യുഗപ്രഭാവനായ ആ മഹായോഗിയുടെ കൃപാകടാക്ഷം കൊണ്ടാകണം. ദേശസ്നേഹത്തിന്റെ ത്യാഗോജ്വല പ്രതീകവും സാമൂഹ്യപരിഷ്കര്‍ത്താവും മതപണ്ഡിതനുമായ വക്കം മൌലവി, അദ്ദേഹത്തിന്റെ മകന്‍ സാഹിത്യോപാസകനും എഴുത്തുകാരനുമായിരുന്ന വക്കം അബ്ദുല്‍ ഖാദര്‍, സ്വതന്ത്ര്യ സമരചരിത്രത്തില്‍ വീരേതിഹാസങ്ങള്‍ രചിച്ച് ജന്മനാടിനു വേണ്ടി ജീവത്യാഗം ചെയ്ത മതമൈത്രിയുടെ പ്രയോക്താവായ  ഹീറോ വക്കം ഖാദര്‍ തുടങ്ങിയ അതുല്യ പ്രതിഭകള്‍ക്ക് ജന്മം നല്‍കിയ നാടാണിത്. 1905-ല്‍ ഇംഗ്ളണ്ടില്‍ നിന്നും ഒരു പ്രസ്സ് വരുത്തി പത്രപ്രവര്‍ത്തനത്തിലൂടെ നാടിന്റെ മോചനമാര്‍ഗ്ഗം തേടിയ വീരപുത്രനായിരുന്നു മതപണ്ഡിതനായ വക്കം മൌലവി. സാമൂഹ്യതിന്മകളെ തുറന്നതിര്‍ക്കാന്‍ തീരുമാനിച്ച മൌലവി തൂലിക പടവാളാക്കി അനീതിക്കെതിരെ സന്ധിയില്ലാതെ പൊരുതുന്നതില്‍ അദ്വിതീയനായ സ്വദേശാഭിമാനി രാമകൃഷ്ണപിളളയെയാണ് അതിന്റെ പൂര്‍ണ്ണ ചുമതല ഏല്പിച്ചത്. 1906-ല്‍ വക്കത്തു നിന്നും പത്രം പുറത്തിറങ്ങിത്തുടങ്ങി. ‘അരചനെ കെടുത്തൊന്നും’ പറയാന്‍ പാടില്ലായിരുന്ന അക്കാലത്ത് ദിവാന്‍ ഭരണത്തെ അടിമുടി വിമര്‍ശിക്കാനുളള ആര്‍ജ്ജവമാണ് രാമകൃഷ്ണപിളള പ്രകടിപ്പിച്ചത്. ഫലം 1910 സെപ്തംബര്‍ 26ന് പത്രവും പ്രസ്സും കണ്ടുകെട്ടുകയും രാമകൃഷ്ണപിളളയെ നാടുകടത്തുകയും ചെയ്തു. സ്വതന്ത്ര ഭാരതം കൈ വന്നിട്ടും ജനകീയ ഭരണം നിലവില്‍ വന്നിട്ടും കണ്ടുകെട്ടിയ പ്രസ്സിനെ കുറിച്ച് ആരും ചിന്തിച്ചില്ല. 1957-ല്‍ നിലവില്‍ വന്ന ഇ.എം.എസ്സിന്റെ നേതൃത്വത്തിലുളള കമ്മ്യൂണിസ്റ്റ് മന്ത്രിസഭയാണ് കണ്ടുകെട്ടിയ പ്രസ്സ് മൌലവിയുടെ മകന്‍ അബ്ദുല്‍ ഖാദറിന് തിരിച്ചു നല്‍കിയത്. അന്യാദൃശമായ സംസ്ക്യത പാണ്ഡിത്യവും വിദ്യാഭ്യാസ നിലവാരവും ഈ പ്രദേശത്തെ ഒരു അപൂര്‍വ്വ പ്രത്യേകതയായി കരുതണം. സ്ത്രീകള്‍ മാത്രമല്ല അക്കാലത്ത് സാമൂഹ്യ രംഗത്ത് പിന്നോക്കം നിന്നിരുന്ന  ഹരിജന്‍ വിഭാഗങ്ങളില്‍ മിക്കവാറും എല്ലാവരും തന്നെ സാമാന്യ വിദ്യാഭ്യാസത്തിനപ്പുറം നേടിയിരുന്നതായി കാണാം.  വിദ്യാഭ്യാസം കുറവായിരുന്നവരില്‍ തന്നെ കലാപരമായ പ്രകടനവാസന വളരെ ശ്രദ്ധയമായിരുന്നു. അവരുടെ പണിപ്പാട്ടുകളും തൊഴില്‍ സംബന്ധമായ സാങ്കേതിക കാര്യങ്ങളും കൌശലങ്ങളും ചില കണക്കുകളും മറ്റും വളരെ ഹ്യദ്യമായ ഗാനങ്ങളുടേയും പാട്ടുകളുടേയും  രൂപത്തിലായിരുന്നു തലമുറകളായി കൈമാറി വന്നിരുന്നത്. തച്ചുശാസ്ത്രം, കെട്ടിട നിര്‍മ്മാണം, ചില പ്രത്യേകമായ കൈത്തൊഴിലുകള്‍, ക്യഷിപ്പണി ഇവയെല്ലാം വളരെ ആകര്‍ഷകമായ ഗാനങ്ങളും കവിതകളും ആയി സമര്‍ത്ഥന്മാര്‍ രചിച്ചത് തലമുറകളായി പാടിപ്പതിഞ്ഞിരുന്നു. കുറവര്‍, പുലയര്‍, പറയര്‍ തുടങ്ങിയ അക്കാലത്തെ ഹീനജാതിക്കാര്‍ എന്നു വിശേഷിപ്പിച്ചിരുന്നവര്‍ വരെ വളരെ ആകര്‍ഷകമായ കെട്ടുകാഴ്ചകളും കോല്‍ക്കളി, കമ്പിടികളി തുടങ്ങിയ കലാ പരിപാടികളും അവയോടൊപ്പം അവതരിപ്പിച്ചിരുന്ന പാട്ടുകളും അവയിലെ ചമല്‍ക്കാരവും സാഹിത്യ ഗുണവും ആ കലാകാരന്മാരിലെ വാസനാ സംസ്ക്കാരം വിളിച്ചോതുന്നവയാണ്. കാക്കാന്‍, പാണന്‍, കണിയാന്‍ തുടങ്ങിയവരുടെ പാട്ടും കൂത്തും, മറ്റ് ചില ക്ഷേത്രാചാരനടപടികളും സൂക്ഷ്മമായി പഠിച്ചാല്‍ അവരിലെ കലാ സംസ്ക്കാരിക പാരമ്പര്യത്തിന്റെ ആഴം അളക്കാം. ഈ എല്ലാ വര്‍ഗ്ഗക്കാരും അവരുടെ കലാപരിപാടികള്‍ ആവുംമട്ട് മനോഹരമായി ആചാരപരമായിതന്നെ ദൈവപ്പുരക്ഷേത്രത്തില്‍ ആവിഷ്ക്കരിച്ചിരുന്നു. ശ്രീനാരായണഗുരുദേവന്‍ അവതരിക്കുന്നതിനും മുമ്പേ ഈ സാമൂഹ്യസാംസ്ക്കാരിക ജീവിതത്തിന്റെ അടിത്തറ ഇത്രയും സഹിഷ്ണുതയും സൌഹാര്‍ദ്ദതയും ഊട്ടി ഉറപ്പിച്ചു കൊണ്ട് രൂപപ്പെട്ടിട്ടുണ്ട്. താഴ്ന്ന ജാതിക്കാര്‍ അവതരിപ്പിച്ചിരുന്ന കലാ പ്രകടനങ്ങളില്‍ ഭൂരിഭാഗവും സാമൂഹ്യ പ്രക്ഷാളത സ്വരൂപം  ഉളളവയാണ്. അതും മേളാരുടെ വ്യക്തിപരവും സാമൂഹികവുമായ ജീവിതത്തില്‍ താളപ്പിഴകളേയും വൈക്യതങ്ങളേയും സാമൂഹമദ്ധ്യത്തില്‍ പരസ്യമായി അവതരിപ്പിച്ച് കുറ്റവിചാരണ ചെയ്യുന്നവയായിരുന്നു. (ദൈവപ്പുരയില്‍ പാണനും, കാക്കാനും മറ്റും അവതരിപ്പിച്ചിരുന്ന കലാ പ്രകടനങ്ങള്‍- ഹരിജനങ്ങളുടെ കാതു കെട്ടിയടി, കോല്‍ - കമ്പിടികളിപ്പാട്ടുകള്‍). ഗുരുശിഷ്യബന്ധത്തിന് അതീവ പാവനതയുണ്ടായിരുന്ന അക്കാലത്തും പൂജ്യഗുരുക്കന്മാരുടെ സല്‍ഗുണങ്ങള്‍ അല്ലാത്ത കാര്യങ്ങള്‍ ശിഷ്യന്മാര്‍ തങ്ങളുടെ രചനകളിലൂടെ ക്രൂരമായി വിമര്‍ശിച്ചിരുന്നതായ ധാരാളം ഉദാഹരണങ്ങള്‍ ഉണ്ട്. പ്രാകൃതകലകളുടെ കാലം കഴിഞ്ഞു വന്നാല്‍ ശാസ്ത്രീയമായി സംഘടിപ്പിക്കപ്പെട്ടിരുന്ന കലാ പ്രസ്ഥാനം അക്കാലത്ത് കഥകളിമാത്രമായിരുന്നു. വക്കം ഗ്രാമത്തില്‍ അക്കാലത്ത് ശ്രദ്ധേയമായി പ്രവര്‍ത്തിച്ചിരുന്ന മികച്ച മൂന്നു കഥകളിയോഗങ്ങള്‍ ഉണ്ടായിരുന്നു. മുപ്പതില്‍പ്പരം നല്ല കഥകളി നടന്മാര്‍ ഈ ഗ്രാമത്തില്‍ തന്നെ ഉണ്ടായിരുന്നു. അതു കഴിഞ്ഞാല്‍ അടുത്ത പുരോഗതി കാക്കാരിശ്ശി നാടകങ്ങള്‍ക്കായിരുന്നു. വക്കത്തെ പ്രമുഖ തറവാടുകളിലെ അന്നത്തെ അഭ്യസ്തവിദ്യരുടെ ഒരു കൂട്ടുവിനോദമായിരുന്നു കാക്കാരിശ്ശി നാടക സമിതികള്‍. കാക്കാന്മാര്‍ അവതരിപ്പിച്ചിരുന്ന സാമൂഹ്യവിമര്‍ശനപരമായ പ്രാക്യത കലാ രൂപങ്ങള്‍ക്ക് അല്പം സംസ്ക്യത സ്വരൂപം ഉണ്ടാക്കിയതായിരുന്നു ഈ നാടകങ്ങള്‍. മിക്കവാറും പുരാണ കഥകളെ ആശ്രയിച്ച് രചന നടത്തിയിരുന്ന ഈ കലാ പ്രകടനത്തില്‍ സമകാലികപ്രശ്നങ്ങള്‍ ഭംഗ്യന്തരേണ കൈകാര്യം ചെയ്തിരുന്ന കുഞ്ചന്‍ നമ്പ്യാരുടെ ശൈലിയായിരുന്നിരിക്കണം പ്രേരണ.  അക്കാലത്തെ കഥകളിയായാലും നാടകമായാലും തികച്ചും സംഗീത അടിത്തറ വേണമായിരുന്നു.  അക്കാരണത്താലാണ്  ഈ നാട്ടിലെ പല പ്രമാണിമാരുടെ വീടുകളിലും മുഖ്യ സംഗീത പണ്ഡിതന്‍മാരെ താമസിപ്പിച്ച് പെണ്‍മക്കളെ ഉള്‍പ്പെടെ സംഗീതം അഭ്യസിപ്പിച്ചിരുന്നത്.  വീണവായനയിലും സംഗീത സദസ്സിലും ഇവിടുത്തെ യുവതികള്‍ പോലും ഒരു കാലത്ത് സജീവമായി പങ്കെടുത്തിരുന്നു.  തിരുവാതിരകളിയില്ലാത്ത തറവാടില്ലായിരുന്നു. ചെത്തും, നെയ്ത്തും, വൈദ്യവും (മാന്ത്രികം-ജ്യോതിഷം) പാരമ്പര്യതൊഴിലായി സ്വീകരിച്ചിരുന്ന ഈഴവരുടെ പ്രാമുഖ്യം ഉണ്ടായിരുന്ന ഈ ഗ്രാമത്തില്‍ പിന്നോക്ക വിഭാഗക്കാര്‍  മറ്റു പ്രദേശത്തെക്കാള്‍ ഇത്രയും പുരോഗതി നേടാന്‍ കാരണം അവരുടെ സംസ്ക്യതപാരമ്പര്യമായിരുന്നിരിക്കണം. 1940 ന് ശേഷം പത്ത് കൊല്ലക്കാലം ഇവിടെ കാര്യമായ സാംസ്ക്കാരിക വിസ്ഫോടനം ഒന്നും നടന്നിട്ടില്ല. അക്കാലത്ത് സ്വാതന്ത്ര്യ സമര ആവേശവും ദേശീയ പ്രബുദ്ധതയും മറ്റുമായിരുന്നു പ്രധാനം. അതിന്റെ അവസാന കാലഘട്ടം ഈ പ്രദേശം വിപ്ലവപ്രസ്ഥാനങ്ങളുടെ ഈറ്റില്ലമാകാന്‍ തുടങ്ങി. വിപ്ലവപ്രസ്ഥാനത്തോടൊപ്പം ആയതിന് ആക്കം കൂട്ടാന്‍ ഉപയുക്തമായ കലാസാംസ്ക്കാരികാവേശവും ഇവിടെ ഉണ്ടായി. കേരളത്തില്‍ ആദ്യമായുണ്ടായ പ്രൊഫഷണല്‍ നാടകവേദിയെന്ന് വിശേഷിപ്പിക്കാവുന്ന ‘വക്കം കലാകേന്ദ്രം’ തുടങ്ങിയ ഒട്ടനവധി പ്രസ്ഥാനങ്ങള്‍ ഇവിടെ അക്കാലത്ത് മുളച്ചുപൊന്തി. കടൈവിളാകത്ത് കൊച്ചുപപ്പു  തരകന്‍ ഈ ഗ്രാമത്തില്‍ സ്വന്തമായി രണ്ട് സ്കൂളുകളും മാര്‍ത്താണ്ഡന്‍ വാദ്ധ്യാരുമായി സഹകരിച്ച് മറ്റൊരു സ്കൂളും (റൈട്ടര്‍വിള സ്കൂള്‍) സ്ഥാപിച്ച് പ്രവര്‍ത്തനം നടത്തി. സാമൂഹ്യപുനരുദ്ധാരണത്തിനുവേണ്ടി അന്നു നടന്ന വിലപ്പെട്ട ഒരു പ്രവര്‍ത്തനമായിരുന്നു ഇത്. 1909-ല്‍ അദ്ദേഹം 12 സെന്റു വരുന്ന ഒരു കോമ്പൌണ്ടില്‍ സ്വന്തം ചെലവില്‍ പണിതീര്‍ത്തതാണ് പൊട്ടച്ചന്‍ വിളാകം മലയാളം മിഡില്‍ സ്കൂള്‍, (ഇന്നത്തെ ഹൈസ്കൂള്‍). പുളിവിളാകത്ത് 5 സെന്റ് സ്ഥലത്ത് അദ്ദേഹം സ്ഥാപിച്ച പെണ്‍ പളളിക്കൂടമാണ് രണ്ടാമത്തേത്. സാമൂഹ്യ പുരോഗതിക്ക് സ്ത്രീ വിദ്യാഭ്യാസത്തിന്റെ ആവശ്യം വളരെ മുന്‍ കൂട്ടി കാണാന്‍ കഴിഞ്ഞ കൊച്ചു പപ്പുതരകന്‍ ശ്രീ മൂലം പ്രജാസഭയില്‍ അംഗവുമായിരുന്നു. ബഹുഭൂരിപക്ഷം വരുന്ന നിര്‍ദ്ധനരായ കൈത്തറി തൊഴിലാളികള്‍ക്ക് സാമ്പത്തികമായി തെല്ലൊരാശ്വാസം എന്ന ലക്ഷ്യത്തോടെ 1924-ല്‍ ‘കടയ്ക്കാവൂര്‍ വ്യവസായ പോഷിണി പരസ്പര സഹായ സഹകരണ സ്ഥാപനമാണ് ഇന്ന് ഈ ഗ്രാമത്തിന്റെ നട്ടെല്ലായിക്കഴിഞ്ഞ വക്കം ഫാര്‍മേഴ്സ് സര്‍വീസ് സഹകരണ ബാങ്ക് ലിമിറ്റഡ് നമ്പര്‍ 542. മൂന്നു ഭാഗം കായലാല്‍ ചുറ്റപ്പെട്ട ഈ പഞ്ചായത്തില്‍ റോഡു ഗതാഗതം തീരെ ഇല്ലായിരുന്നു. അര നൂറ്റാണ്ട് മുന്‍പ് വരെ റോഡു ഗതാഗത സൌകര്യം നിലയ്ക്കാമുക്കില്‍ അവസാനിച്ചിരുന്നു.  തിരുവനന്തപുരം, കൊല്ലം റയില്‍പാത ഈ പഞ്ചായത്തിനെ കിഴക്കും പടിഞ്ഞാറുമായി വിഭജിച്ച് കടന്നു പോകുന്നു.  എന്നാല്‍ യാത്രക്കും ചരക്കു ഗതാഗതത്തിനും ജനങ്ങള്‍ മുഖ്യമായി ആശ്രയിച്ചിരുന്നത് കായലും തോടും ചേര്‍ന്ന് കൊച്ചിയിലാരംഭിച്ച് വര്‍ക്കല തുരപ്പ് കടന്ന് അനന്തപുരിയില്‍ എത്തുന്ന ജലഗതാഗത മാര്‍ഗ്ഗത്തെ ആയിരുന്നു. 1949-ല്‍ ആണ് ആദ്യമായി ആറ്റിങ്ങല്‍ നിന്നും വക്കത്തേക്ക് ‘ഹമീദിയ’ എന്ന സ്വകാര്യ ബസ്സ്, സര്‍വ്വീസ് ആരംഭിച്ചത്. പാരമ്പര്യ ആയുര്‍വേദ ചികിത്സയില്‍ പ്രാവീണ്യം നേടിയ നിരവധി വൈദ്യശ്രേഷ്ഠന്മാര്‍ ഈ ഗ്രാമത്തില്‍ വളര്‍ന്നുവന്നതിന്റെ അടിത്തറയും സംസ്കൃത ഭാഷയുമായുള്ള ബന്ധം കൊണ്ടായിരിക്കണം. അലോപ്പതി ചികിത്സാ സമ്പ്രദായത്തിന്റെ ആരംഭഘട്ടത്തില്‍ രജിസ്റ്റേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാരായിരുന്ന ഡോ.പത്മനാഭനും കൊള്ളഴികത്ത് പത്മനാഭന്‍ ഡോക്ടറുമായിരുന്നു ഈ ഗ്രാമത്തിലെ മുഖ്യ ഭിഷഗ്വരന്മാര്‍. ഇതിനു പുറമേ മിഷന്റെ പ്രവര്‍ത്തനത്തിനായി വന്ന ഡോക്ടര്‍ ജയിംസിന്റെ പ്രശംസനീയമായ സേവനവും ഈ ഗ്രാമത്തിന് വിസ്മരിക്കാനാവാത്തതാണ്. ഇന്ന് ഈ ഗ്രാമത്തില്‍ അലോപ്പതി ചികിത്സക്ക് ഒരു പ്രാഥമികാരോഗ്യകേന്ദ്രവും ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും ഓരോ ഡിസ്പെന്‍സറിയും പ്രവര്‍ത്തിച്ചു വരുന്നു.ഈ ഗ്രാമത്തില്‍ നിന്ന് തൊഴില്‍ തേടി സിംഗപ്പൂരിലെത്തിയ കുറേപ്പേര്‍ തങ്ങളുടെ ഗ്രാമത്തില്‍ ജനങ്ങള്‍ക്ക് ആധുനിക ചികിത്സാ സൌകര്യം ലഭ്യമാക്കുന്നതിനായി യത്നിച്ചതിന്റെ ഭാഗമായി 1957-ല്‍ പിരിച്ചയച്ച തുക ഉപയോഗിച്ചാണ് ആശുപത്രിക്ക് വേണ്ട സ്ഥലവും ആദ്യ കെട്ടിടവും പണി തീര്‍ത്തത്. ഈ ഗ്രാമത്തിലെ ജനങ്ങള്‍ പണ്ട് മുതല്‍ക്കെ വിജ്ഞാനകുതുകികളായിരുന്നു. വായന ഒരു ഹരമായി ജനങ്ങളില്‍ നിലനിന്നിരുന്നു. ഇതിന്റെ സാഫല്യത്തിനായി നാട്ടുകാര്‍ മുന്‍കൈ എടുത്ത് 1936-ല്‍ ആരംഭിച്ചതാണ് ഇന്നത്തെ സി.കൃഷ്ണവിലാസം ഗ്രന്ഥശാല. 1952-ല്‍ തന്നെ വക്കം വനിതാ സംഘം എന്ന പേരില്‍ ഒരു മഹിളാ സമാജം സ്ഥാപിക്കുകയും വനിതാ ശിശുക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കുകയും ചെയ്ത സമാജത്തിന്റെ പ്രസിഡന്റ് കടൈവിളാകത്ത് ഭവാനിയും സെക്രട്ടറി കൊട്ടവിളാകത്ത് ഡോക്ടര്‍.ടി.കെ. മാധവിയും വനിതാ സാമൂഹ്യക്ഷേമ രംഗത്ത് പലമാറ്റങ്ങള്‍ക്കും വഴി തെളിച്ചിട്ടുണ്ട്. ആറേഴുപതിറ്റാണ്ടു മുമ്പുവരെ അതീവലളിതമായ വസ്ത്രധാരണ രീതിയായിരുന്നു ഈ ഗ്രാമത്തില്‍ നിലനിന്നിരുന്നത്. ഒറ്റമുണ്ടും നേരിയതുമായിരുന്നു പുരുഷന്മാരുടെ വേഷം. സ്ത്രീകള്‍ പ്രായഭേദമന്യേ ഒറ്റമുണ്ടും റൌക്കയും മേല്‍ മുണ്ടും ധരിക്കുമായിരുന്നു. 1940 ഘട്ടം മുതല്‍ പുരുഷന്മാര്‍ ജൂബയും മുണ്ടും ധരിച്ചു തുടങ്ങിയപ്പോള്‍ സ്ത്രീകള്‍ മുണ്ടും ബ്ളൌസും നേരിയതും അണിയാന്‍ തുടങ്ങി.

ഭരണ ചരിത്രം
പഴയ തിരുവിതാംകൂര്‍ കാലഘട്ടത്തിലെ തന്നെ ചരിത്രപരമായി അറിയപ്പെട്ടിരുന്ന അഞ്ചുതെങ്ങ് കോവില്‍ തോട്ടം കായലിന്റെ മൂന്നു തീരങ്ങളാണ് ഈ പഞ്ചായത്ത് പ്രദേശത്തിന്റെ അതിരുകള്‍. കേരവൃക്ഷങ്ങള്‍ കൊണ്ട് ഹരിതഭൂമിയായ ഈ പഞ്ചായത്ത് പ്രദേശം  സമുദ്രനിരപ്പില്‍ നിന്നും 7.5 മീറ്റര്‍ പൊക്കത്തിലാണ് സ്ഥിതി ചെയ്യുന്നത്. 1954 ല്‍ രൂപം കൊണ്ട ഈ പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം ഇന്നുളളതിനെക്കാളും കൂടുതലായിരുന്നു. സമീപ പഞ്ചായത്തായ കടയ്ക്കാവൂര്‍ പഞ്ചായത്തിന്റെ ഭാഗമായി ഇന്നു മാറിയ കീഴാറ്റിങ്ങല്‍ പ്രദേശവും അഞ്ചുതെങ്ങ് പഞ്ചായത്തിലെ കായിക്കര, നെടുങ്ങണ്ട പ്രദേശവും വക്കം പഞ്ചായത്തില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളായിരുന്നു.ഈ പഞ്ചായത്ത് പ്രദേശത്ത് അലോപ്പതി ചികിത്സാ രംഗത്ത് സര്‍ക്കാര്‍ വക ഒരു പ്രാഥമികാരോഗ്യകേന്ദ്രവും, ആയൂര്‍വേദ, ഹോമിയോ ഡിസ്പെന്‍സറികളും പ്രവര്‍ത്തിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളായി ഒരു വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിസ്ക്കൂളും, രണ്ട് അപ്പര്‍ പ്രൈമറി സ്ക്കൂളും അഞ്ച് ലോവര്‍ പ്രൈമറി സ്ക്കൂളും ഉണ്ട്. ഒരു ക്യഷി ഭവനും, രണ്ട് ഗ്രാമ വികസന ആഫീസുകളും, ഒരു മ്യഗാശുപത്രിയും, ഒരു വില്ലേജാഫീസും ഉണ്ട്. വൈദ്യുത ബോര്‍ഡിന്റെ ഒരു അസിസ്റന്റ് എഞ്ചിനീയറുടെ ആഫീസ്, കേന്ദ്രഗവണ്‍മെന്റ് സ്ഥാപനങ്ങളായ പോസ്റ് ആഫീസ്, ടെലഫോണ്‍ എക്സ്ചേഞ്ച് ടെലഫോണ്‍ സബ്ഡിവിഷന്‍ എഞ്ചിനീയറുടെ ആഫീസ് എന്നിവയും പ്രവര്‍ത്തിക്കുന്നുണ്ട്. ദേശസാല്‍കൃത ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ ഒരു ശാഖയും, ഷെഡ്യൂള്‍ ബാങ്കായ ഫെഡറല്‍ ബാങ്കിന്റെ ഒരു ശാഖയും, സഹകരണ സ്ഥാപനമായ വക്കം ഫാര്‍മേഴ്സ് സര്‍വീസ് സഹകരണ ബാങ്കും ധനകാര്യ സ്ഥാപനങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ട്. 1954-ലാണ് വക്കത്ത് ആദ്യത്തെ പഞ്ചായത്ത് നിലവില്‍ വന്നത്. ആദ്യത്തെ പ്രസിഡന്റ് വക്കം ഭരതന്‍ ആയിരുന്നു.  1963-ല്‍ രൂപം കൊണ്ട രണ്ടാമത് പഞ്ചായത്ത് സമിതിയുടെ പ്രസിഡന്റായും വക്കം ഭരതന്‍ തെരഞ്ഞെടുക്കപ്പെട്ടു.