ഒറ്റനോട്ടത്തില്‍

 

സ്ഥലം- ചിറയിന്‍കീഴ് താലൂക്ക്, തിരുവനന്തപുരം ജില്ല, കേരളം

വാര്‍ഡുകള്‍- 14, നിയമസഭാമണ്ഡലം- ആറ്റിങ്ങല്‍, ലോകസഭാമണ്ഡലം- ആറ്റിങ്ങല്‍.

വില്ലേജുകള്‍ -  വക്കം, കടയ്ക്കാവൂര്‍

ആകെ ജനസംഖ്യ- 19,267 

വിസ്തീര്‍ണ്ണം -  5.36 ചതുരശ്ര കിലോമീറ്റർ

 

കടലിന്റെയും കായലിന്റെയും തലോടലേറ്റു കഴിയുന്ന സുഖ ശീതോഷ്ണമുള്ള ഒരു പച്ച തുരുത്താണ് വക്കം പഞ്ചായത്ത്.     കേരവൃക്ഷങ്ങള്‍ കൊണ്ട് ഹരിതഭൂമിയാണ് ഈ പഞ്ചായത്ത് പ്രദേശം. സമുദ്രനിരപ്പില്‍ നിന്നും 7.5 മീറ്റര്‍ പൊക്കത്തിലാണ് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1954-ല്‍ രൂപം കൊണ്ട ഈ പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം ഇന്നുളളതിനെക്കാളും കൂടുതലായിരുന്നു. 1954-ലാണ് വക്കത്ത് ആദ്യത്തെ പഞ്ചായത്ത് നിലവില്‍ വന്നത്. ആദ്യത്തെ പ്രസിഡന്റ് വക്കം ഭരതന്‍ ആയിരുന്നു.  1963-ല്‍ രൂപം കൊണ്ട രണ്ടാമത് പഞ്ചായത്ത് സമിതിയുടെ പ്രസിഡന്റായും വക്കം ഭരതന്‍ തെരഞ്ഞെടുക്കപ്പെട്ടു. മൂന്നുഭാഗവും കായല്‍, റോഡുകളില്ല. ഓലമേഞ്ഞ കയ്യാലകള്‍ കൊണ്ട് വേര്‍തിരിച്ച പുരയിടങ്ങള്‍, ധാരാളം ഇടവഴികള്‍, അങ്ങിങ്ങായി കയര്‍ പിരിയന്ത്രങ്ങള്‍ സ്വന്തമായുളള ‘പെരും കുടികള്‍’ കിട്ടുന്നത് കൂലിയായി സ്വീകരിച്ച് അര്‍ദ്ധ പട്ടിണിയില്‍ കഴിയുന്ന ബഹുഭൂരിപക്ഷം ഇതായിരുന്നു ഒരു കാലത്തെ വക്കം ഗ്രാമത്തിന്റെ ചിത്രം. ഈ നൂറ്റാണ്ടിന്റെ ആരംഭകാലത്ത് ശ്രീനാരായണ ഗുരുവിന്റെ പാദസ്പര്‍ശം കൊണ്ട് പാവനമായി തീര്‍ന്ന ഈ ഗ്രാമം അധ്യക്ഷ പ്രഭാവന്മാരായ നിരവധി മഹാന്‍മാര്‍ക്ക് ജന്മം നല്‍കി. അന്യാദൃശ്യമായ സംസ്ക്യത പാണ്ഡിത്യവും വിദ്യാഭ്യാസ നിലവാരവും ഈ പ്രദേശത്തെ ഒരു അപൂര്‍വ്വ പ്രത്യേകതയായി കാണാം. സ്ത്രീകള്‍ മാത്രമല്ല അക്കാലത്ത് സാമൂഹ്യ രംഗത്ത് പിന്നോക്കം നിന്നിരുന്ന പിന്നോക്ക - ഹരിജന്‍ വിഭാഗങ്ങളില്‍ മിക്കവാറും എല്ലാവരും തന്നെ സാമാന്യ വിദ്യാഭ്യാസത്തിനപ്പുറം നേടിയിരുന്നതായി കാണാം. വിദ്യാഭ്യാസം കുറവായിരുന്നവരില്‍ തന്നെ കലാപരമായ പ്രകടനവാസന വളരെ ശ്രദ്ധയമായിരുന്നു. ഈ ഗ്രാമത്തിലെ ജനങ്ങള്‍ പണ്ട് മുതല്‍ക്കെ വിജ്ഞാനകുതുകികളായിരുന്നു. വായന ഒരു ഹരമായി ജനങ്ങളില്‍ നിലനിന്നിരുന്നു. കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളില്‍ കയര്‍ വ്യവസായം വന്‍തോതില്‍ നടത്തിയിരുന്ന ഒരു പ്രദേശമാണ് വക്കം. അഞ്ചുതെങ്ങ് കയര്‍ ഉല്‍പാദന മേഖലയ്ക്ക് അനിഷേധ്യമായ സ്ഥാനം നേടിക്കൊടുത്തത് വക്കം പഞ്ചായത്തിലെ കയര്‍ ഉല്‍പ്പന്നങ്ങളായിരുന്നു. ജനസാന്ദ്രതയുടെ കാര്യത്തില്‍ സംസ്ഥാനത്ത് പത്താം സ്ഥാനം അലങ്കരിക്കുന്ന ഗ്രാമ പഞ്ചായത്താണ് വക്കം. ഈ പഞ്ചായത്തില്‍ ആറ് ലക്ഷം വീട് കോളനികള്‍ ഉണ്ട്. തിരുവനന്തപുരം ജില്ലയിലെ മറ്റുളള പഞ്ചായത്തുകളെക്കാള്‍ അത്യന്തം വ്യത്യസ്തമായ ഭൂപ്രകൃതിയാണ് വക്കം പഞ്ചായത്തിന്റേത്.